Thursday, May 14, 2015

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി; വിജ്ഞാനത്തിന്റെ മൂന്ന് ദശകങ്ങള്‍ പിന്നിടുമ്പോള്‍
********************************************************
കനത്ത മഴ പെയ്തുകൊണ്ടിരുന്ന ജൂണിലെ ഒരു വൈകുന്നേരവും ഉമ്മയുടെ മുഖവുമാണ്, കേട്ടറിവ് മാത്രമുണ്ടായിരുന്ന പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ MCom അഡ്മിഷന്‍ എടുക്കാനായി എന്നെ യാത്രയാക്കുന്നത്. അറബിക്കടലിന്‍ തീരത്ത് നിന്ന് വംഗക്കടല്‍ തീരം വരെയുള്ള യാത്രയില്‍ കോഴിക്കോട്ട് നിന്ന് വണ്ടി കയറുമ്പോള്‍ തന്നെ തനിച്ചായിരുന്നില്ല, ഇതേ ആവശ്യവുമായി മറ്റു ചിലരും ഉണ്ടായിരുന്നു. പരിചയപ്പെടലുകള്‍ പലതും ട്രെയിനിലും ബസിലുമായി തന്നെ കഴിഞ്ഞു. വാളയാര്‍ കഴിഞ്ഞ് വണ്ടി നീങ്ങിയപ്പോള്‍ തമിഴ്‌നാട്‌ സര്‍ക്കിളിലേക്ക് സ്വഗതമോതിക്കൊണ്ട് ഫോണില്‍ സര്‍വീസ് മെസ്സേജ് വന്നു, അത് ചെറിയൊരു വിങ്ങലുണ്ടാക്കിയോ..? മഴയുടെ താളവും തണുപ്പും ചൂടിനു വഴിമാറി. രാവിലെ പോണ്ടിച്ചേരി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ വെയില്‍ കത്തിച്ചു വെച്ചിരുന്നു, ഞങ്ങളുടെ ചര്‍മം ആ ചൂടുമായി ഇണങ്ങാന്‍ കുറച്ച് സമയമെടുത്തു. പോണ്ടിച്ചേരി യൂണിവേര്‍‌സിറ്റിക്ക് രണ്ട് കവാടങ്ങളുണ്ട്, രണ്ടും ഒരുപോലെ പണിതിരിക്കുന്നു, ഇരുവശത്തും കൂറ്റന്‍ ആല്‍മരങ്ങളുമായി നില്‍ക്കുന്ന കവാടങ്ങള്‍ക്ക് സെക്യൂരിറ്റി ഒരധികപ്പറ്റല്ലേ എന്ന് തോന്നിപ്പോയി. ബസ്‌ രണ്ടാം കവാടതിലാണ് ആദ്യം നിര്‍ത്തുന്നത് അതിനു ശേഷം ഒന്നാം കവാടത്തിലും, ഞങ്ങള്‍ ഒന്നാം കവാടത്തിലാണ് ഇറങ്ങിയത്. ഞങ്ങളെ കാത്തെന്ന പോലെ അഡ്മിഷന്‍ എന്ന ബോര്‍ഡ് വെച്ച തുറന്ന ഒരു വണ്ടി നില്‍പ്പുണ്ടായിരുന്നു, കയറിയിരുന്നപ്പോള്‍ അതിനുള്ളിലെ സ്റ്റിക്കറില്‍ നിന്നും 'ബാറ്ററി കാര്‍' ആണെന്ന് മനസിലാക്കി. വളരെ വിശാലമാണ് കലാലയതിനുള്ളിലെ പാതകള്‍, അവയുടെ ഓരങ്ങളിലുടനീളം അതി മനോഹരമായ ചെടികളും വൃക്ഷങ്ങളുമുണ്ട്. അതുവരെ പുറത്തനുഭവപ്പെട്ട ചൂട് ക്യംപസിനുള്ളിലില്ലായിരുന്നു എന്നത് ഞങ്ങള്‍ക്ക് ആശ്വാസമേകി, എങ്കിലും നാട്ടില്‍ മഴ തിമര്‍ക്കുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ മനസൊന്നു വിങ്ങി. അഡ്മിഷന്‍ കാര്യങ്ങളൊക്കെ പൂര്‍ത്തിയാക്കി ഹോസ്റ്റല്‍ കിട്ടാനുള്ള ഓട്ടങ്ങളൊക്കെ കഴിയുമ്പോഴേക്ക് ഉച്ച കഴിഞ്ഞു, ക്യാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചു, നല്ല തമിഴന്‍ രുചി.. ക്യംപസിനകത്തു തന്നെ കുറെ കാന്റീനുകള്‍ ഉണ്ട്.. പലതരം രുചികളുമായി..
ക്ലാസുകള്‍ തുടങ്ങാന്‍ ഇനിയും ദിവസങ്ങളെടുക്കും, നാട്ടില്‍ പോയി പിന്നീട് വന്നാല്‍ മതി, സീനിയര്‍ വിദ്യാര്‍ഥികളുടെ കൂടെ ഒരു ദിനം താമസിച്ചിട്ട് തിരിച്ചു പോകാമെന്ന്‍ ഞങ്ങള്‍ തീരുമാനിച്ചു, തികച്ചും ഏറെ സ്നേഹത്തോടെ തന്നെ ഞങ്ങള്‍ സ്വീകരിക്കപ്പെട്ടു. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ ഏറ്റവും പ്രധാന സവിശേഷത എന്ന പേരില്‍ ഞങ്ങള്‍ ആദ്യം പരിചയപ്പെട്ടത് മുഴുവന്‍ സമയ വൈഫൈ ആണ്, ഹോസ്ടലുകളിലും മെസ്സിലുമോക്കെയായി ആകെ മൊത്തം വിവരസാങ്കേതിക തുളുമ്പി നില്‍ക്കുന്നു. മലയാളികള്‍ക്ക്‌ ഒരു പഞ്ഞവുമുണ്ടായിരുന്നില്ല എന്നതിനാല്‍ ഞങ്ങള്‍ ഭാഷ മാറാതെ തന്നെ എല്ലാ വിവരങ്ങളും ചോദിച്ചു മനസിലാക്കി, 1985 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ കലാലയത്തില്‍ ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നുമായി ആറായിരത്തിലധികം വിദ്യാര്‍ഥികളുണ്ട്. പതിനഞ്ചോളം സ്കൂളുകളിലായി മുപ്പത്തിയേഴോളം ഡിപ്പാര്‍ട്ട്മെന്റുകള്‍ ഈ സര്‍വകലാശാലയിലുണ്ട്. പതിനൊന്നാം പഞ്ചവത്സരപദ്ധതി കാലഘട്ടത്തിലാണ് പോണ്ടിച്ചേരി സര്‍വകലാശാലയ്ക്ക് ഇന്നത്തെ നിലയിലുള്ള മുഖം കൈവന്നത്, യൂണിവേഴ്സിറ്റിക്കകതുള്ള ഏറ്റവും മനോഹരമായ സില്‍വര്‍ ജൂബിലി ക്യാമ്പസ് ഈ കാലതാരംഭിച്ചതാണ്, 800 ഓളം ഏക്കറില്‍ പരന്നു കിടക്കുന്ന ഈ കലാലയത്തില്‍ ധാരാളം പ്രകൃതി സൗഹൃദ ഇടങ്ങളുണ്ട്. ഈജിപ്തിന്റെ ഭരണപരമായ കാര്യങ്ങളില്‍ പോലും അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിക്ക് പങ്കുണ്ട് എന്ന് പറയുന്ന പോലെ, പോണ്ടിച്ചേരിയിലെ പല നേതാക്കളു൦ ഈ സര്‍വകലാശാലയുമായി ബന്ധം പുലര്‍ത്തുന്നുണ്ട്, അതുകൊണ്ട് തന്നെ ഇവിടുത്തെ പൊതുജന൦ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളോട് മൃദു സമീപനം പുലര്‍ത്തിപ്പോരുന്നു. ചൂട് കാലവും തണുപ്പ് കാലവും ഏതാണ്ട് തുല്യമായി വീതം വെച്ച പോലെയാണ് ഈ പ്രദേശത്തെങ്കിലും, മിക്ക പകലുകളും ചുട്ടു പൊള്ളിക്കാറുണ്ട്, ഡിപ്പാര്‍ട്ട്മെന്റുകളോടും ഹോസ്റ്റലുകളോടും ചേര്‍ന്നുള്ള ഉദ്യാന സമാനമായ പുല്‍ത്തകിടികളും, ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗത്തിന്‍റെ വകയുള്ള വൃക്ഷങ്ങളും മറ്റും ഇതിന് ഒരു ശമനം എന്ന നിലയ്ക്ക് ഏറെ ഹൃദയഹാരിയാണ്.. 'പുതുവൈ പലകലക്കഴക'ത്തെക്കുറിച്ച് കുറെ അറിവുകള്‍ അന്ന് തന്നെ ഞങ്ങള്‍ക്ക് ലഭിച്ചു.
ദിവസങ്ങള്‍ക്ക് ശേഷ൦ ക്ലാസ്സുകള്‍ ആരംഭിച്ചു, ധാരാളം മലയാളികളും തമിഴരും കുറച്ച് വടക്കേ ഇന്ത്യക്കാരുമായിരുന്നു എന്‍റെ ക്ലാസിലുണ്ടായിരുന്നത്. പരിചയപ്പെടലും തമിഴ് പഠിക്കലുമൊക്കെ വൈകാതെ തന്നെ തുടങ്ങി. സാങ്കേതികത്തികവുറ്റ എ സി ക്ലാസ്മുറികള്‍, നല്ല അധ്യാപകര്‍, വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹപാഠികള്‍ എന്നിവയേക്കാളൊക്കെ കലാലയതിനകത്തു റോന്ത് ചുറ്റുന്ന ബസുകളാണ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയത്. കലാലയതിനുള്ളിലെ മിക്ക പുതിയ കെട്ടിടങ്ങളിലും 'ജെ.എ.കെ.തരീന്‍' എന്ന പേര് കാണാ൦, ജലീസ് അഹമദ് ഖാന്‍ തരീന്‍ എന്ന മുഴുവന്‍ പേരുള്ള ആ മുന്‍ വി.സിയാണ് ഇന്നത്തെ നിലവാരത്തില്‍ ഈ സര്‍വകലാശാലയെ ഉയര്‍ത്തിയത്, ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര സര്‍വകലാശാലകളിലോന്നാണിത്. ഏതായാലും അദേഹത്തെ ഈ 'പലകലക്കഴക'ത്തിന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. കണ്ടു തീര്‍ക്കാന്‍ ഒരുപാട് ഭാഗങ്ങളുണ്ടായിരുന്നു ഞങ്ങള്‍ക്ക്, യൂണിവേഴ്സിറ്റി സൈക്കിളുകല്‍ സഞ്ചാരത്തിനു കൂട്ട് വന്നു. കണ്ടവയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ലൈബ്രറി, രണ്ട് ലക്ഷത്തിലധികം പുസ്തകങ്ങളുള്ള അനന്തരംഗപ്പിള്ളൈ ലൈബ്രറിയുടെ ഉള്ളകം വെറും സാധാരണ പുസ്തകങ്ങളിലൊതുങ്ങുന്നില്ല, കാല്‍ ലക്ഷത്തിലധികം ഇ-ജേര്‍ണലുകളും 7500 ഓളം ഇ-പുസ്തകങ്ങളും ഉള്ള ഇവിടെ പ്രവര്‍ത്തന സമയങ്ങളില്‍ എപ്പോഴും ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറുകളും ഉണ്ട്, അവ വിവരസാങ്കേതിക വിദ്യയുടെ വാതായനങ്ങള്‍ ഉപയോഗിക്കാന്‍ സദാസജ്ജമാണ്. ഈ പ്രധാന ലൈബ്രറി കൂടാതെ ഓരോ സ്കൂള്‍ ഓഫ് സ്റ്റഡീസിലും പ്രത്യേകം പ്രത്യേകം ലൈബ്രറികളുമുണ്ട്, വിഷയബന്ധിതമായ ഏറ്റവും പുതിയ പുസ്തകങ്ങളും ജേര്‍ണലുകളും പാഠയ വിഷയങ്ങളില്‍ അത്യധികം ആനുകാലികമായിരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്നു. അതുപോലെയാണ് അതിവിശാലമായ മൈതാനം, അഞ്ചോ ആറോ ക്രിക്കറ്റ് മാച്ചുകള്‍ ഒരേ സമയം നടക്കുന്നത് ഞാന്‍ ആദ്യമായി കണ്ടത് ഇവിടെ വെച്ചാണ്.
ആകെയുള്ള പത്തൊന്‍പത് ഹോസ്റ്റലുകളില്‍ 13 എണ്ണം ആണ്‍കുട്ടികള്‍ക്കും 6 എണ്ണം പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ജിംനേഷ്യം, മെസ്സ്, സുരക്ഷയ്ക്കായി രാത്രി കാലങ്ങളില്‍ സെക്യൂരിറ്റി സേവനം തുടങ്ങിയവയും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് ഏറെ സഹായകമായ വികലാംഗസൗഹൃദ കെട്ടിടങ്ങളും, മുഴുവന്‍ സമയ ഹെല്‍ത്ത് സെന്‍റരുമെല്ലാം വിവിധ ഭാഷകള്‍ സംസാരിക്കുന്ന വിവിധ സംസ്കാരങ്ങള്‍ കൊണ്ട് നടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പോണ്ടി ജീവിതം ആയാസരഹിതമാക്കുന്നു. ഹോസ്റ്റലുകള്‍ക്കുള്ളിലെ കൂട്ടായ പഠനം, സംശയ ദൂരീകരണത്തിനായി റിസര്‍ച് സ്കോളര്‍മാരുടെ ലഭ്യത, സൗജന്യ ഇന്റര്‍നെറ്റ് തുടങ്ങിയവ ഹോസ്റ്റല്‍ ജീവിതത്തിന്‍റെ മാറ്റ് കൂട്ടുന്നു. എല്ലാ വിശേഷ ദിവസങ്ങളും ഇവിടെ ഗംഭീരമായി തന്നെ ആഘോഷിക്കപ്പെടുന്നുണ്ട്, അതില്‍ മലയാളികള്‍ക്ക്‌ നല്ലൊരു പങ്കുണ്ട് എന്നത് അഭിമാനത്തോടെ പറയാവുന്നതാണ്. വിവിധ ജാതിമതങ്ങളിലുള്ളവര്‍ ഏറെ സ്നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും തന്നെയാണ് ഇവിടെ കഴിയുന്നത്, ഓണവും ഹോളിയും ഈസ്റ്ററും ദീപാവലിയും എല്ലാം എല്ലാവരും ഒന്നിച്ച് തകര്‍ത്താഘോഷിക്കുന്നു.. എന്നിരുന്നാലും ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം റംസാന്‍ മാസക്കാലത്തെ അത്താഴവും നോമ്പ് തുറയും വളരെ വിത്യസ്ഥമായ ഒരു അനുഭവം തന്നെയാണ്. നോമ്പ് തുറയുടെ കാര്യത്തില്‍ ആണ്‍കുട്ടികളുടെ അത്ര സൗകര്യം പെണ്‍കുട്ടികള്‍ക്കില്ലെങ്കിലും അത്താഴവും 'നോമ്പ്തുറ കഞ്ഞിയും' എല്ലാവര്‍ക്കും ഉണ്ട്. അടുത്തുള്ള പള്ളിയില്‍ നിന്നും എത്തുന്ന ആ കഞ്ഞിയും മെസ്സില്‍ ഒരുക്കുന്ന അത്താഴവും ഒന്നാന്തരം തന്നെ. ജീവിതത്തിലെ ഏറ്റവും ചൂട് കൂടിയ നോമ്പ്ദിനങ്ങള്‍ ഇവിടുന്നാണ്‌ ഞാന്‍ അനുഭവിച്ചത്, എന്നെ പോലെ മറ്റു പലരും.
രാഷ്ട്രീയ വിഷയത്തില്‍ ഈ കലാലയം മറ്റു കേന്ദ്രസര്‍വകലാശാലകളോളം എത്തില്ല എന്നതായിരുന്നു മുന്‍പത്തെ സ്ഥിതി എങ്കില്‍ ഇന്ന് അതിന് മാറ്റം വരുത്താന്‍ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്, എന്നാല്‍ അവ പച്ചപിടിക്കുന്നില്ല എന്നതാണ് ഒരു പരിധി വരെ യാഥാര്‍ത്ഥ്യം. എന്ന് വച്ച് മുഴുവന്‍ വിദ്യാര്‍ത്ഥികളും രാഷ്ട്രീയ വിഷയങ്ങളില്‍ തല്പരരല്ല എന്നല്ല, രാജ്യത്തിന്‍റെ ഗതിവിഗതികള്‍ ചിന്തിക്കുന്ന, ചര്‍ച്ച ചെയ്യുന്ന നല്ലൊരു വിഭാഗം വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്. ഭരണ തലത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നത് പറയാതിരിക്കാന്‍ പറ്റാത്ത ഒരു വസ്തുതയാണ്, അധികൃതരുടെ ഭാഗത്ത്‌ നിന്ന് പലപ്പോഴും ദുരനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും കുറവല്ല. ഈയിടെ ഉണ്ടായ ചില വിഷയങ്ങളില്‍ അധികൃതരുടെ നിലപാടുകള്‍ തികച്ചും അപഹസ്യമായിരുന്നു. അഥവാ പല ചെറിയ വിഷയങ്ങളിലും രമ്യമായ പരിഹാരങ്ങള്‍ക്കപ്പുറം അനാവശ്യ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് ഉണ്ടായത്, സ്ഥാപനത്തിന്‍റെ പേരിന് കോട്ടം തട്ടാതിരിക്കാന്‍ പല വിഷയങ്ങളും കുഴിച്ചു മൂടപ്പെടുകയും ചെയ്തിട്ടുണ്ട്, എന്നിരുന്നാലും വിദ്യാര്‍ത്ഥിനിബിഡമായ പോണ്ടിച്ചേരി സര്‍വകലാശാല, പഠിക്കാന്‍ തയ്യാറുള്ളവരെ ഒരിക്കലും കൈവിടില്ല എന്നതിലുപരി, അവരെ ഏറ്റവും നല്ല നിലവാരത്തിലേക്കുയര്‍ത്താന്‍ നിരവധി സംവിധാനങ്ങളാല്‍ സുസജ്ജമാണ്.

No comments:

Post a Comment