Thursday, May 14, 2015

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി; വിജ്ഞാനത്തിന്റെ മൂന്ന് ദശകങ്ങള്‍ പിന്നിടുമ്പോള്‍
********************************************************
കനത്ത മഴ പെയ്തുകൊണ്ടിരുന്ന ജൂണിലെ ഒരു വൈകുന്നേരവും ഉമ്മയുടെ മുഖവുമാണ്, കേട്ടറിവ് മാത്രമുണ്ടായിരുന്ന പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ MCom അഡ്മിഷന്‍ എടുക്കാനായി എന്നെ യാത്രയാക്കുന്നത്. അറബിക്കടലിന്‍ തീരത്ത് നിന്ന് വംഗക്കടല്‍ തീരം വരെയുള്ള യാത്രയില്‍ കോഴിക്കോട്ട് നിന്ന് വണ്ടി കയറുമ്പോള്‍ തന്നെ തനിച്ചായിരുന്നില്ല, ഇതേ ആവശ്യവുമായി മറ്റു ചിലരും ഉണ്ടായിരുന്നു. പരിചയപ്പെടലുകള്‍ പലതും ട്രെയിനിലും ബസിലുമായി തന്നെ കഴിഞ്ഞു. വാളയാര്‍ കഴിഞ്ഞ് വണ്ടി നീങ്ങിയപ്പോള്‍ തമിഴ്‌നാട്‌ സര്‍ക്കിളിലേക്ക് സ്വഗതമോതിക്കൊണ്ട് ഫോണില്‍ സര്‍വീസ് മെസ്സേജ് വന്നു, അത് ചെറിയൊരു വിങ്ങലുണ്ടാക്കിയോ..? മഴയുടെ താളവും തണുപ്പും ചൂടിനു വഴിമാറി. രാവിലെ പോണ്ടിച്ചേരി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ വെയില്‍ കത്തിച്ചു വെച്ചിരുന്നു, ഞങ്ങളുടെ ചര്‍മം ആ ചൂടുമായി ഇണങ്ങാന്‍ കുറച്ച് സമയമെടുത്തു. പോണ്ടിച്ചേരി യൂണിവേര്‍‌സിറ്റിക്ക് രണ്ട് കവാടങ്ങളുണ്ട്, രണ്ടും ഒരുപോലെ പണിതിരിക്കുന്നു, ഇരുവശത്തും കൂറ്റന്‍ ആല്‍മരങ്ങളുമായി നില്‍ക്കുന്ന കവാടങ്ങള്‍ക്ക് സെക്യൂരിറ്റി ഒരധികപ്പറ്റല്ലേ എന്ന് തോന്നിപ്പോയി. ബസ്‌ രണ്ടാം കവാടതിലാണ് ആദ്യം നിര്‍ത്തുന്നത് അതിനു ശേഷം ഒന്നാം കവാടത്തിലും, ഞങ്ങള്‍ ഒന്നാം കവാടത്തിലാണ് ഇറങ്ങിയത്. ഞങ്ങളെ കാത്തെന്ന പോലെ അഡ്മിഷന്‍ എന്ന ബോര്‍ഡ് വെച്ച തുറന്ന ഒരു വണ്ടി നില്‍പ്പുണ്ടായിരുന്നു, കയറിയിരുന്നപ്പോള്‍ അതിനുള്ളിലെ സ്റ്റിക്കറില്‍ നിന്നും 'ബാറ്ററി കാര്‍' ആണെന്ന് മനസിലാക്കി. വളരെ വിശാലമാണ് കലാലയതിനുള്ളിലെ പാതകള്‍, അവയുടെ ഓരങ്ങളിലുടനീളം അതി മനോഹരമായ ചെടികളും വൃക്ഷങ്ങളുമുണ്ട്. അതുവരെ പുറത്തനുഭവപ്പെട്ട ചൂട് ക്യംപസിനുള്ളിലില്ലായിരുന്നു എന്നത് ഞങ്ങള്‍ക്ക് ആശ്വാസമേകി, എങ്കിലും നാട്ടില്‍ മഴ തിമര്‍ക്കുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ മനസൊന്നു വിങ്ങി. അഡ്മിഷന്‍ കാര്യങ്ങളൊക്കെ പൂര്‍ത്തിയാക്കി ഹോസ്റ്റല്‍ കിട്ടാനുള്ള ഓട്ടങ്ങളൊക്കെ കഴിയുമ്പോഴേക്ക് ഉച്ച കഴിഞ്ഞു, ക്യാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചു, നല്ല തമിഴന്‍ രുചി.. ക്യംപസിനകത്തു തന്നെ കുറെ കാന്റീനുകള്‍ ഉണ്ട്.. പലതരം രുചികളുമായി..
ക്ലാസുകള്‍ തുടങ്ങാന്‍ ഇനിയും ദിവസങ്ങളെടുക്കും, നാട്ടില്‍ പോയി പിന്നീട് വന്നാല്‍ മതി, സീനിയര്‍ വിദ്യാര്‍ഥികളുടെ കൂടെ ഒരു ദിനം താമസിച്ചിട്ട് തിരിച്ചു പോകാമെന്ന്‍ ഞങ്ങള്‍ തീരുമാനിച്ചു, തികച്ചും ഏറെ സ്നേഹത്തോടെ തന്നെ ഞങ്ങള്‍ സ്വീകരിക്കപ്പെട്ടു. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ ഏറ്റവും പ്രധാന സവിശേഷത എന്ന പേരില്‍ ഞങ്ങള്‍ ആദ്യം പരിചയപ്പെട്ടത് മുഴുവന്‍ സമയ വൈഫൈ ആണ്, ഹോസ്ടലുകളിലും മെസ്സിലുമോക്കെയായി ആകെ മൊത്തം വിവരസാങ്കേതിക തുളുമ്പി നില്‍ക്കുന്നു. മലയാളികള്‍ക്ക്‌ ഒരു പഞ്ഞവുമുണ്ടായിരുന്നില്ല എന്നതിനാല്‍ ഞങ്ങള്‍ ഭാഷ മാറാതെ തന്നെ എല്ലാ വിവരങ്ങളും ചോദിച്ചു മനസിലാക്കി, 1985 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ കലാലയത്തില്‍ ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നുമായി ആറായിരത്തിലധികം വിദ്യാര്‍ഥികളുണ്ട്. പതിനഞ്ചോളം സ്കൂളുകളിലായി മുപ്പത്തിയേഴോളം ഡിപ്പാര്‍ട്ട്മെന്റുകള്‍ ഈ സര്‍വകലാശാലയിലുണ്ട്. പതിനൊന്നാം പഞ്ചവത്സരപദ്ധതി കാലഘട്ടത്തിലാണ് പോണ്ടിച്ചേരി സര്‍വകലാശാലയ്ക്ക് ഇന്നത്തെ നിലയിലുള്ള മുഖം കൈവന്നത്, യൂണിവേഴ്സിറ്റിക്കകതുള്ള ഏറ്റവും മനോഹരമായ സില്‍വര്‍ ജൂബിലി ക്യാമ്പസ് ഈ കാലതാരംഭിച്ചതാണ്, 800 ഓളം ഏക്കറില്‍ പരന്നു കിടക്കുന്ന ഈ കലാലയത്തില്‍ ധാരാളം പ്രകൃതി സൗഹൃദ ഇടങ്ങളുണ്ട്. ഈജിപ്തിന്റെ ഭരണപരമായ കാര്യങ്ങളില്‍ പോലും അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിക്ക് പങ്കുണ്ട് എന്ന് പറയുന്ന പോലെ, പോണ്ടിച്ചേരിയിലെ പല നേതാക്കളു൦ ഈ സര്‍വകലാശാലയുമായി ബന്ധം പുലര്‍ത്തുന്നുണ്ട്, അതുകൊണ്ട് തന്നെ ഇവിടുത്തെ പൊതുജന൦ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളോട് മൃദു സമീപനം പുലര്‍ത്തിപ്പോരുന്നു. ചൂട് കാലവും തണുപ്പ് കാലവും ഏതാണ്ട് തുല്യമായി വീതം വെച്ച പോലെയാണ് ഈ പ്രദേശത്തെങ്കിലും, മിക്ക പകലുകളും ചുട്ടു പൊള്ളിക്കാറുണ്ട്, ഡിപ്പാര്‍ട്ട്മെന്റുകളോടും ഹോസ്റ്റലുകളോടും ചേര്‍ന്നുള്ള ഉദ്യാന സമാനമായ പുല്‍ത്തകിടികളും, ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗത്തിന്‍റെ വകയുള്ള വൃക്ഷങ്ങളും മറ്റും ഇതിന് ഒരു ശമനം എന്ന നിലയ്ക്ക് ഏറെ ഹൃദയഹാരിയാണ്.. 'പുതുവൈ പലകലക്കഴക'ത്തെക്കുറിച്ച് കുറെ അറിവുകള്‍ അന്ന് തന്നെ ഞങ്ങള്‍ക്ക് ലഭിച്ചു.
ദിവസങ്ങള്‍ക്ക് ശേഷ൦ ക്ലാസ്സുകള്‍ ആരംഭിച്ചു, ധാരാളം മലയാളികളും തമിഴരും കുറച്ച് വടക്കേ ഇന്ത്യക്കാരുമായിരുന്നു എന്‍റെ ക്ലാസിലുണ്ടായിരുന്നത്. പരിചയപ്പെടലും തമിഴ് പഠിക്കലുമൊക്കെ വൈകാതെ തന്നെ തുടങ്ങി. സാങ്കേതികത്തികവുറ്റ എ സി ക്ലാസ്മുറികള്‍, നല്ല അധ്യാപകര്‍, വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹപാഠികള്‍ എന്നിവയേക്കാളൊക്കെ കലാലയതിനകത്തു റോന്ത് ചുറ്റുന്ന ബസുകളാണ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയത്. കലാലയതിനുള്ളിലെ മിക്ക പുതിയ കെട്ടിടങ്ങളിലും 'ജെ.എ.കെ.തരീന്‍' എന്ന പേര് കാണാ൦, ജലീസ് അഹമദ് ഖാന്‍ തരീന്‍ എന്ന മുഴുവന്‍ പേരുള്ള ആ മുന്‍ വി.സിയാണ് ഇന്നത്തെ നിലവാരത്തില്‍ ഈ സര്‍വകലാശാലയെ ഉയര്‍ത്തിയത്, ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര സര്‍വകലാശാലകളിലോന്നാണിത്. ഏതായാലും അദേഹത്തെ ഈ 'പലകലക്കഴക'ത്തിന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. കണ്ടു തീര്‍ക്കാന്‍ ഒരുപാട് ഭാഗങ്ങളുണ്ടായിരുന്നു ഞങ്ങള്‍ക്ക്, യൂണിവേഴ്സിറ്റി സൈക്കിളുകല്‍ സഞ്ചാരത്തിനു കൂട്ട് വന്നു. കണ്ടവയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ലൈബ്രറി, രണ്ട് ലക്ഷത്തിലധികം പുസ്തകങ്ങളുള്ള അനന്തരംഗപ്പിള്ളൈ ലൈബ്രറിയുടെ ഉള്ളകം വെറും സാധാരണ പുസ്തകങ്ങളിലൊതുങ്ങുന്നില്ല, കാല്‍ ലക്ഷത്തിലധികം ഇ-ജേര്‍ണലുകളും 7500 ഓളം ഇ-പുസ്തകങ്ങളും ഉള്ള ഇവിടെ പ്രവര്‍ത്തന സമയങ്ങളില്‍ എപ്പോഴും ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറുകളും ഉണ്ട്, അവ വിവരസാങ്കേതിക വിദ്യയുടെ വാതായനങ്ങള്‍ ഉപയോഗിക്കാന്‍ സദാസജ്ജമാണ്. ഈ പ്രധാന ലൈബ്രറി കൂടാതെ ഓരോ സ്കൂള്‍ ഓഫ് സ്റ്റഡീസിലും പ്രത്യേകം പ്രത്യേകം ലൈബ്രറികളുമുണ്ട്, വിഷയബന്ധിതമായ ഏറ്റവും പുതിയ പുസ്തകങ്ങളും ജേര്‍ണലുകളും പാഠയ വിഷയങ്ങളില്‍ അത്യധികം ആനുകാലികമായിരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്നു. അതുപോലെയാണ് അതിവിശാലമായ മൈതാനം, അഞ്ചോ ആറോ ക്രിക്കറ്റ് മാച്ചുകള്‍ ഒരേ സമയം നടക്കുന്നത് ഞാന്‍ ആദ്യമായി കണ്ടത് ഇവിടെ വെച്ചാണ്.
ആകെയുള്ള പത്തൊന്‍പത് ഹോസ്റ്റലുകളില്‍ 13 എണ്ണം ആണ്‍കുട്ടികള്‍ക്കും 6 എണ്ണം പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ജിംനേഷ്യം, മെസ്സ്, സുരക്ഷയ്ക്കായി രാത്രി കാലങ്ങളില്‍ സെക്യൂരിറ്റി സേവനം തുടങ്ങിയവയും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് ഏറെ സഹായകമായ വികലാംഗസൗഹൃദ കെട്ടിടങ്ങളും, മുഴുവന്‍ സമയ ഹെല്‍ത്ത് സെന്‍റരുമെല്ലാം വിവിധ ഭാഷകള്‍ സംസാരിക്കുന്ന വിവിധ സംസ്കാരങ്ങള്‍ കൊണ്ട് നടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പോണ്ടി ജീവിതം ആയാസരഹിതമാക്കുന്നു. ഹോസ്റ്റലുകള്‍ക്കുള്ളിലെ കൂട്ടായ പഠനം, സംശയ ദൂരീകരണത്തിനായി റിസര്‍ച് സ്കോളര്‍മാരുടെ ലഭ്യത, സൗജന്യ ഇന്റര്‍നെറ്റ് തുടങ്ങിയവ ഹോസ്റ്റല്‍ ജീവിതത്തിന്‍റെ മാറ്റ് കൂട്ടുന്നു. എല്ലാ വിശേഷ ദിവസങ്ങളും ഇവിടെ ഗംഭീരമായി തന്നെ ആഘോഷിക്കപ്പെടുന്നുണ്ട്, അതില്‍ മലയാളികള്‍ക്ക്‌ നല്ലൊരു പങ്കുണ്ട് എന്നത് അഭിമാനത്തോടെ പറയാവുന്നതാണ്. വിവിധ ജാതിമതങ്ങളിലുള്ളവര്‍ ഏറെ സ്നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും തന്നെയാണ് ഇവിടെ കഴിയുന്നത്, ഓണവും ഹോളിയും ഈസ്റ്ററും ദീപാവലിയും എല്ലാം എല്ലാവരും ഒന്നിച്ച് തകര്‍ത്താഘോഷിക്കുന്നു.. എന്നിരുന്നാലും ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം റംസാന്‍ മാസക്കാലത്തെ അത്താഴവും നോമ്പ് തുറയും വളരെ വിത്യസ്ഥമായ ഒരു അനുഭവം തന്നെയാണ്. നോമ്പ് തുറയുടെ കാര്യത്തില്‍ ആണ്‍കുട്ടികളുടെ അത്ര സൗകര്യം പെണ്‍കുട്ടികള്‍ക്കില്ലെങ്കിലും അത്താഴവും 'നോമ്പ്തുറ കഞ്ഞിയും' എല്ലാവര്‍ക്കും ഉണ്ട്. അടുത്തുള്ള പള്ളിയില്‍ നിന്നും എത്തുന്ന ആ കഞ്ഞിയും മെസ്സില്‍ ഒരുക്കുന്ന അത്താഴവും ഒന്നാന്തരം തന്നെ. ജീവിതത്തിലെ ഏറ്റവും ചൂട് കൂടിയ നോമ്പ്ദിനങ്ങള്‍ ഇവിടുന്നാണ്‌ ഞാന്‍ അനുഭവിച്ചത്, എന്നെ പോലെ മറ്റു പലരും.
രാഷ്ട്രീയ വിഷയത്തില്‍ ഈ കലാലയം മറ്റു കേന്ദ്രസര്‍വകലാശാലകളോളം എത്തില്ല എന്നതായിരുന്നു മുന്‍പത്തെ സ്ഥിതി എങ്കില്‍ ഇന്ന് അതിന് മാറ്റം വരുത്താന്‍ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്, എന്നാല്‍ അവ പച്ചപിടിക്കുന്നില്ല എന്നതാണ് ഒരു പരിധി വരെ യാഥാര്‍ത്ഥ്യം. എന്ന് വച്ച് മുഴുവന്‍ വിദ്യാര്‍ത്ഥികളും രാഷ്ട്രീയ വിഷയങ്ങളില്‍ തല്പരരല്ല എന്നല്ല, രാജ്യത്തിന്‍റെ ഗതിവിഗതികള്‍ ചിന്തിക്കുന്ന, ചര്‍ച്ച ചെയ്യുന്ന നല്ലൊരു വിഭാഗം വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്. ഭരണ തലത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നത് പറയാതിരിക്കാന്‍ പറ്റാത്ത ഒരു വസ്തുതയാണ്, അധികൃതരുടെ ഭാഗത്ത്‌ നിന്ന് പലപ്പോഴും ദുരനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും കുറവല്ല. ഈയിടെ ഉണ്ടായ ചില വിഷയങ്ങളില്‍ അധികൃതരുടെ നിലപാടുകള്‍ തികച്ചും അപഹസ്യമായിരുന്നു. അഥവാ പല ചെറിയ വിഷയങ്ങളിലും രമ്യമായ പരിഹാരങ്ങള്‍ക്കപ്പുറം അനാവശ്യ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് ഉണ്ടായത്, സ്ഥാപനത്തിന്‍റെ പേരിന് കോട്ടം തട്ടാതിരിക്കാന്‍ പല വിഷയങ്ങളും കുഴിച്ചു മൂടപ്പെടുകയും ചെയ്തിട്ടുണ്ട്, എന്നിരുന്നാലും വിദ്യാര്‍ത്ഥിനിബിഡമായ പോണ്ടിച്ചേരി സര്‍വകലാശാല, പഠിക്കാന്‍ തയ്യാറുള്ളവരെ ഒരിക്കലും കൈവിടില്ല എന്നതിലുപരി, അവരെ ഏറ്റവും നല്ല നിലവാരത്തിലേക്കുയര്‍ത്താന്‍ നിരവധി സംവിധാനങ്ങളാല്‍ സുസജ്ജമാണ്.

Monday, April 27, 2015

(മുന്‍പൊരിക്കല്‍ facebook' ല്‍ പോസ്ടിയതാണ്... ന്നാലും.)




കടല്‍....
*******
പോകുന്തോറും പൂതി തീരാതെ... പിന്നേം പിന്നേം പോകാന്‍ തോന്നുന്ന പ്രകൃതിയുടെ വിളിയിടം....
വെറുതെ തീരത്ത് നോക്കിയിരിക്കാന്‍ തന്നെ വല്ലാത്തൊരു സുഖമാണ്.. ആഞ്ഞടിക്കുന്ന തിരമാലകള്‍ തീരത്തടിപ്പിക്കുന്ന 
മാലിന്യങ്ങളെ കാണുമ്പോള്‍ കടല്‍ അനുഭവിക്കുന്ന വേദനയോര്‍ത്ത്  സങ്കടം വരും...പക്ഷെ കടല്‍ സമര്‍ത്ഥയാണ് (അതോ സമര്‍ത്ഥനോ?).. 
'അങ്ങനെ എന്നെ മലിനമാക്കണ്ട' എന്നാണ് വെപ്പ് അതുകൊണ്ടാണല്ലോ അങ്ങോട്ടിട്ടു കൊടുക്കുന്നതൊക്കെ തിരിച്ചു കൊണ്ട് തരുന്നത്, 
അതും ഒരു പരിധി വരെയുള്ളൂ എന്നതാണ് വസ്തുത..!! നല്ലൊരു ഭാഗം തന്റെ ആഴങ്ങളിലേക്കെടുത്ത് ജീര്‍ണിപ്പിച്ചു കളയുന്നു. 
അതൊരു സ്നേഹമാണ്, തീരത്തോടുള്ള കടപ്പാടാണ്.. എങ്കിലും എന്തും എടുത്തു കൊണ്ട് പോകുന്നതിനു മുന്പ് ഒന്നോ രണ്ടോ 
തവണ തീരത്തെ കാണിക്കും 'ഇത് വേണ്ടാത്തത് തന്നെയാണോ' എന്ന് ചോദിച്ചു കൊണ്ട്..

കടല്‍ തീരം കണ്ടു കാറ്റ് കൊള്ളാന്‍ വരുന്നവരും, കടലിനെ അനുഭവിക്കാന്‍ വരുന്നവരും അല്ലാതെ ഈ രണ്ട് കൂട്ടരെയും 
കാണാനും ആസ്വദിക്കാനും വരുന്ന ഒരു കൂട്ടം കൂടിയുണ്ട് സാധാരണ കടപ്പുറം കാഴ്ചക്കാരുടെ ഇടയില്‍.. നമ്മില്‍ പലരും 
പലപ്പോഴായി ഇതില്‍ വ്യത്യസ്ത കൂട്ടങ്ങളില്‍ കുടുങ്ങിയവരായിരിക്കാം...

തന്നെ കാണാന്‍ വന്നവന്റെ മാനസികാവസ്ഥയിലേക്ക് മാറാനുള്ള ഒരു പ്രത്യേക കഴിവ് കടലിനു മാത്രം സ്വന്തമാണ്, കടല് 
പോലെയുള്ള വ്യക്തിത്വമുള്ളവര്‍ക്കും ഇത് കഴിയും കേട്ടോ! അത് ഞാന്‍ അനുഭവിച്ചിട്ടുമുണ്ട്... സങ്കടം കൊണ്ട് വന്നവന്റെ 
മുന്നില്‍ 'നിന്നെക്കാള്‍ പരാധീനമാണ് എന്‍റെ അവസ്ഥ!!' എന്ന നിലയില്‍ കടലങ്ങു മാറും.. കടപ്പുറത്ത് കൂടിയിരിക്കുന്ന 
ഉത്സാഹമതികളുടെ ഇടയിലും കടല്‍ നമ്മോട് മാത്രം സംവദിക്കും... ഇത് തന്നെ നേരെ മറിച്ചും സംഭവിക്കും... വേദനിക്കുന്നവന് 
മനസിലാകാതെ, തുള്ളിചാടിക്കളിക്കാന്‍ വന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ വലുതും ചെറുതുമായ തിരകള്‍ കടല്‍ കരുതി വെക്കുന്നു, .. 
നമ്മുടെ മുത്തച്ഛന്‍മാരും മുത്തശിമാരും കുട്ടികള്‍ക്ക് കളികളും കഥകളും പറഞ്ഞു കൊടുക്കുന്ന പോലെ..! 

നിങ്ങള്‍ നല്ലൊരു വിദ്യാര്‍ഥിയാകുമെങ്കില്‍ കടല്‍ നല്ലൊരു അദ്ധ്യാപകനാകും, ജീവിതത്തിന്റെ വ്യത്യസ്ത പാഠങ്ങള്‍ കടല്‍ മെല്ലെ മെല്ലെ 
പഠിപ്പിച്ചു തരും.. വെറുതെ കരയില്‍ നോക്കിയിരുന്നാലുമുണ്ട് അറിഞ്ഞാല്‍ തീരാത്തത്ര പറഞ്ഞു തരാന്‍, ആദ്യമായി വരുന്നവന്‍ 
ഒരത്ഭുതത്തോടെ തിരകളെയും പരപ്പിനെയും കണ്ടു പോയേക്കാം.. അതും ഒരറിവ് തന്നെയാണല്ലോ... തീരത്തോടുള്ള കരയുടെ 
സ്നേഹമാകും അവ സംഗമിക്കുമിടം ഏറ്റവും മനോഹരമായി കാണുന്നത്..

വെറും കാഴ്ച്ചക്കാരനെക്കാള്‍ കടല്‍ അനുഭവിക്കാന്‍ പോകുന്നവരെ കടല്‍ കൂടുതല്‍ പഠിപ്പിക്കുന്നു... മെല്ലെ കടലിലേക്കിറങ്ങുകയാണ്; 
കാല്‍ പാദം ചെറുതായി നനച്ചു കൊണ്ട് ഒരു തിര വന്നു പോകുന്നു, വീണ്ടും മുന്നോട്ട് നടക്കുന്ന നമ്മെ വലിയൊരു തിര വന്നു 
തഴുകുന്നു, അത് ചെറിയൊരു തഴുകലായെക്കില്ല.. 'വരൂന്നേ ഒന്ന് നന്നായി നനഞ്ഞോളൂ' എന്ന് പറയാതെ നിര്‍ബന്ധിക്കുന്ന ഒരു 
വശ്യത അതിനുണ്ട് .. പിന്നെയും നടക്കുകയാണെങ്കില്‍ ഒരു തിര കഴുത്തിന്‌ മുകളില്‍ തലയും നനച്ചു കടന്നു പോകും, ഇനി 
തിരയുടെ കയറ്റിറക്കങ്ങളില്‍ ഒരു ലയനമാണ്, ജീവിതത്തിന്‍റെ താളത്തിലേക്ക് എത്തിയ ഒരു യുവാവിനെപ്പോലെ.. പൊതുവേ 
തിരകളുടെ സ്വഭാവം നമുക്ക് മനസിലായി എന്നൊരു തോന്നലുണ്ടാകും, വളരെ ആര്‍മാദത്തോടെ നുരഞ്ഞു പതയുന്ന അലകളോടൊപ്പം 
നാം വിഹരിക്കും.. -.. പൊടുന്നനെ ഒരു തിര വരും എന്തെങ്കിലും ചിന്തിക്കാന്‍ പോയിട്ട് ഒന്ന് കുനിഞ്ഞു നില്‍ക്കാന്‍ പോലും 
സമയം തരാതെ ഇളകിയ പൂഴിതരികളില്‍ കുഴച്ച് കരയിലേക്ക് എടുത്തെറിഞ്ഞ് കളയും.. ആ രംഗം അനുഭവിച്ചപ്പോള്‍ ജീവിതത്തില്‍ 
നിന്നടര്‍ത്തിയ ഒരേടായി തന്നെ തോന്നിപ്പോയി... പിന്നെ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഇറക്കമാണ്, വീണ്ടും കുറച്ചൂടെ ആഴമുള്ളിടത്തേക്ക് 
നീങ്ങുന്നു.. എപ്പോഴും ഒരടി പ്രതീക്ഷിച്ചു കൊണ്ട്.. ആ നില്‍പ്പില്‍ പക്ഷെ അടിവരുന്ന ഇടവേളകളെ കുറിച്ച് മെല്ലെ ധാരണ വരും അത് 
യൗവനത്തിലെ ഒരു ബോധ്യപ്പെടലല്ലേ...?! 
കടല്‍ പിന്നെയും പിന്നെയും ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും ഇടയ്ക്ക് പിന്നെയും ഒന്ന് മുക്കിയെടുത്തേക്കാം, 
തിരകള്‍ ആഞ്ഞടിക്കാനായി തുടങ്ങുന്ന ഒരു പ്രദേശമുണ്ട് തീരത്ത് നിന്ന് കുറച്ചകലെ. അവിടെയെത്തി നില്‍ക്കലാണ് ഏറ്റവും ആസ്വാദ്യകരമായ 
നിമിഷങ്ങളെന്ന് കടല്‍ എന്നെ തോന്നിപ്പിച്ചു, വെള്ളം പൊങ്ങുമ്പോള്‍ ചെറുതായൊന്നു പൊങ്ങിക്കൊടുക്കുക താഴുമ്പോള്‍ ഒന്നും ചെയ്യാനുമില്ല.. 
അവിടെ നില്‍ക്കുമ്പോള്‍ അകലെ നിന്ന് ഉണ്ടായി വരുന്ന വലിയ തിരകളെ ആദ്യമേ കാണാനും, 'ഒന്നുകില്‍ അതിനു മുകളിലൂടെ ചാടുക' അല്ലെങ്കില്‍ 
'പൊങ്ങുന്ന തിരയുടെ ഉള്ളിലേക്ക് കുതിക്കുക' എന്നിങ്ങനെയുള്ള മുന്‍കരുതലുകള്‍ എടുക്കാനും കഴിയും, ജീവിതത്തിന്റെ കുറച്ചൂടെ ഭദ്രമായ 
ഒരു വേളയെയാകും കടല്‍ പറഞ്ഞു തന്നത്.. 
എനിക്ക് പറഞ്ഞു തന്നത് മുഴുവന്‍ പങ്കു വെക്കാന്‍ കഴിയില്ല കാരണം അനുഭവിക്കേണ്ടത് അനുഭവിച്ചു തന്നെ ആകണമല്ലോ..!! 
ഒരിക്കലെങ്കിലും ആത്മാര്‍ഥമായി കടലില്‍ ഇറങ്ങി ചെല്ലണം എന്ന് മാത്രം പറയുന്നു.. അതൊരു അനുഭൂതിയാണ്.. ജീവിത ബിംബങ്ങളുടെ ഒരു ഘോഷയാത്രയും..
                               ***********

Sunday, April 26, 2015

നേരം ഇല്ലായാതായിക്കൊണ്ടിരിക്കുന്ന  ഈ നേരത്ത് നേരം പോക്കാന്‍ പിന്നെയും ഒരിടം..

കുറെ കാലം മുമ്പ് ഈ പരിപാടി ഞാന്‍ തുടങ്ങിയിരുന്നു.. അന്ന് ഗൂഗിള്‍ ചേട്ടന്‍ നമുക്ക് അദൃശ്യ മലയാളം എഴുത്തിനുള്ള ഉപകരണങ്ങള്‍ തന്നിട്ടില്ലായിരുന്നു. പിന്നെ മംഗ്ലീഷില്‍ എഴുതണം.. അത് ഭയങ്കര വൃത്തികേടാണ്. ഇപ്പൊ സൗകര്യം പോലെ അമ്മ മലയാളത്തില്‍ എഴുതാന്‍ സാധിക്കുമ്പോള്‍ ആ പഴയ ആശ ഒന്ന് നിറവേറ്റിക്കളയാം എന്ന് തോന്നി..

ഒരു പ്രത്യേക ഉദ്ദേശമോ ലക്ഷ്യമോ ഒന്നൂല്ല.. അത് കൊണ്ട് തന്നെ ആരെയും വെച്ച് അളക്കരുത്. പേര് പോലെ കത്തികള്‍ തന്നെയായിരിക്കും, ചോര പൊടിക്കാന്‍ താല്പര്യമില്ലാത്ത കത്തികള്‍..